മനുഷ്യ സമൂഹത്തിൻറെ വിജയകരമായ ലക്ഷ്യത്തിന് വഴിയും വെളിച്ചവുമായി നിലകൊള്ളുന്ന ദൈവിക ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. സർവ്വ മനുഷ്യരുടെയും വായനക്കും ചിന്തക്കുമായി സദാ നിവർത്തി വെക്കപ്പെടെണ്ട ഗ്രന്ഥമാണ് അത്. അതിലെ ആദർശങ്ങളും മാർഗനിർദ്ദേശങ്ങളുമാണ് ജീവിത വിജയത്തിന് നിദാനം. ഖുർആനിക വചനങ്ങളുടെ അർഥവും ആശയവും ചോർന്നു പോകാതെ, മലയാള ഭാഷയിൽ വിരചിതമായ പ്രഥമ തഫ്സീർ ആണ് "വിശുദ്ധ ഖുർആൻ വിവരണം" എന്ന ഈ കൃതി. കേരളത്തിലെ എല്ലാ വിഭാഗം ആളുകളാലും അംഗീകരിക്കപ്പെട്ട ഈ ഖുർആൻ വിവരണം,  പൂർവസൂരികളായ പണ്ഡിതന്മാരുടെ ആധികാരിക അറബീ തഫ്സീറുകളെ അവലംബിച്ചാണ് രചിക്കപ്പെട്ടിട്ടുള്ളത്. വാക്കർത്ഥവും വാചകാർത്ഥവും ആശയ വിവരണവും വളരെ സൂക്ഷ്മതയോടെ  ഇതിൽ നൽകിയിരിക്കുന്നു. പ്രധാന വിഷയങ്ങളിലുള്ള പൊതു വിശകലനങ്ങൾ പ്രത്യേകം നൽകിയിരിക്കുന്നു എന്നത് ഈ തഫ്സീ  റിന്റെ  സവിശേഷതയാണ്. ഏതു നിലവാരത്തിലുള്ള വായനക്കാരന്നും ഖുർആനിക പാഠഗ്രഹണത്തിനുതകുന്ന ലളിത ശൈലിയാണ് ഈ തഫ്സീറിന്റേത്. ഇതിൻറെ സൂക്ഷ്മമായ വായനയും പഠനവും അനുവാചകരിൽ ഇസ്ലാമിക ജീവിതത്തിനുതകുന്ന പുതു വെളിച്ചം പകരുമെന്ന് നിസ്സംശയം പറയാം.
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                                            
